കേളി വോളിബോൾ ടൂർണമെന്റ്: ജുബൈലിനെ തോൽപ്പിച്ച് അറബ്‌കോ ജേതാക്കൾ

റിയാദ്: റിയാദ് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആവേശം നിറച്ച കേളി വോളിബോൾ ടൂർണമെന്റിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ മറികടന്ന് അറബ്‌കോ ജേതാക്കളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അറബ്‌കോ വിജയം പിടിച്ചെടുത്തത്. 25–20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും, തുടർന്നുള്ള സെറ്റുകളിൽ മികച്ച തിരിച്ചുവരവ് നടത്തിയ അറബ്‌കോ (18–25, 23–25, 22–25) കപ്പിൽ മുത്തമിടുകയായിരുന്നു.

ആദ്യ സെമിഫൈനലിൽ ശക്കർഘർ റിയാദിനെ തോൽപ്പിച്ചാണ് (25–23, 25–23, 16–25, 26–24) മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ ഫൈനലിലെത്തിയത്. സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25–14, 25–11, 25–7) കീഴടക്കിയാണ് അറബ്‌കോ ലോജസ്റ്റിക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി (MVP) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു. അറബ്‌കോയുടെ ഹസ്സൻ മികച്ച ബ്ലോക്കറായും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറായും തെരഞ്ഞെടുക്കപ്പെട്ടു. അറബ്‌കോയുടെ സഫർ (മികച്ച സെറ്റർ), ആബിദ് (മികച്ച ലിബറോ) എന്നിവരും വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി. വോളി ഫ്രണ്ട്സ് റിയാദാണ് ഫെയർ പ്ലേ പുരസ്കാരം സ്വന്തമാക്കിയത്.

സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. എം.എ.ആർ പ്രോജക്ട് മാനേജിങ് ഡയറക്ടർ അൻവർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ്, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ്, പ്രസാദ് വഞ്ചിപ്പുര, സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയ്ക്കും സൗഹൃദത്തിനും മാറ്റുകൂട്ടിയ ടൂർണമെന്റിൽ ജേതാക്കൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles