‘ബേപ്പൂരിലേത് പാളയത്തിലെ പടയും പിന്നിൽ നിന്നുള്ള കുത്തും’: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് പി.വി. അൻവർ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ബേപ്പൂർ നിയോജക മണ്ഡലത്തിലെ പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും തന്നെ വിജയിപ്പിച്ചപ്പോൾ, ചേർത്തുവെക്കാൻ ബാധ്യതപ്പെട്ടവർ തന്നെയാണ് തന്നെ പരാജയപ്പെടുത്തിയതെന്ന് പി.വി. അൻവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എം.എൽ.എ ബേപ്പൂരിലെ തോൽവിയെക്കുറിച്ച് സംസാരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അൻവറിന്റെ പ്രതികരണം.

പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യമാണെന്നും തന്റെ നിശബ്ദമായ പിന്മാറ്റത്തിന് കാരണം അതാണെന്നും അൻവർ കുറിച്ചു. “ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ, പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ” എന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രതിപക്ഷ നേതാവിനും കുടുംബാംഗങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്ന് ചോദ്യമുന്നയിച്ച അൻവർ, അതിലൊരാൾ തനിക്കെതിരെ മത്സരിച്ച് വിജയിപ്പിച്ചുവെന്ന് വീരവാദം മുഴക്കുന്ന സ്ഥാനാർത്ഥി തന്നെയാണെന്നും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles