യു.പി പോലീസിന് സുപ്രീം കോടതിയുടെ തിരിച്ചടി: മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പ് വാർത്ത ആദ്യം പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരായ ഉത്തർപ്രദേശ് പോലീസിന്റെ നടപടികളിൽ ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. അഭിഷേകിനെതിരെയുള്ള അറസ്റ്റടക്കമുള്ള കടുത്ത നടപടികൾ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭാവിയിൽ ഇദ്ദേഹത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തേക്കാവുന്ന ഏത് എഫ്.ഐ.ആറുകൾക്കും ഈ ഇടക്കാല സംരക്ഷണം ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് മാധ്യമപ്രവർത്തകന് നൽകാൻ പോലീസിന് കോടതി നിർദേശം നൽകി. എഫ്.ഐ.ആർ ലഭിച്ച ശേഷം ഉചിതമായ ഇളവുകൾക്കായി അഭിഷേകിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാവുന്നതാണ്. എഫ്.ഐ.ആർ കൈമാറിയതുമായി ബന്ധപ്പെട്ട കംപ്ലയൻസ് റിപ്പോർട്ട് സെപ്റ്റംബർ ഏഴിനകം ഗാസിയാബാദ് പോലീസ് കമ്മീഷണർ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

അയോധ്യ സംഭാവന തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് താനാണെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിനായി കേസ് സി.ബി.ഐക്ക് കൈമാറണമെന്നും അഭിഷേകിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ് വാദിച്ചു. എഫ്.ഐ.ആറിന്റെ പൂർണ്ണരൂപം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിച്ചമച്ച ആരോപണങ്ങളാണ് തനിക്കെതിരെ ഉയർത്തിയിരിക്കുന്നതെന്നും അന്വേഷണാത്മക പത്രപ്രവർത്തനം നടത്തിയതിനാണ് പോലീസ് ഉപദ്രവിക്കുന്നതെന്നും അഭിഷേക് ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 18-നാണ് ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

- Advertisement -spot_img

Latest Articles