തിരുവനന്തപുരം: ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒണാഘോഷം നടത്തിയ സംഭവത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വീഴ്ച വരുത്തിയ പോലീസുകാരെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മിഷണർ ഡി.ജി.പിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
ജാമ്യവ്യവസ്ഥകളുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം പ്രതികളോട് തിരികെ മടങ്ങാൻ പോലീസ് ആവശ്യപ്പെടണമായിരുന്നു. എന്നാൽ അതുചെയ്യാതെ സ്റ്റേഷനിൽ ഇവർക്ക് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയതാണ് ഗുരുതര വീഴ്ചയായി അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ആഘോഷങ്ങൾ സംഘടിപ്പിച്ചതിൽ പോലീസുകാരും പ്രതികളും തമ്മിൽ മുൻകൂട്ടി ധാരണയുണ്ടായിരുന്നോ എന്നും ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നോ എന്നും അറിയാൻ വിശദമായ തുടരന്വേഷണം നടത്തുന്നതാണ്. പ്രതികൾ പോലീസ് സ്റ്റേഷനിൽ വെച്ച് ഓണം ആഘോഷിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.



