തൃശൂർ: തൃശൂർ ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്. റോഡരികിൽ ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് ഇരുവർക്കും നേരെ ലോറി പാഞ്ഞുകയറിയത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായ കുടിക്കാൻ കടയിൽ എത്തിയതായിരുന്നു. പഴയന്നൂരിലേക്ക് പോകുന്ന വഴിക്കാണ് കല്ലേപ്പാടം സ്വദേശിയായ ഷെമീർ ഇവിടെയെത്തിയത്. ഇരുവരും സംസാരിച്ചുനിൽക്കുന്നതിനിടെ അതുവഴി വന്ന മിൽമ ടാങ്കർ ലോറി പെട്ടെന്ന് നിയന്ത്രണം വിട്ട് ഇവർക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.



