കണ്ണൂർ: കയ്യിൽ കുമിഞ്ഞുകൂടിയ സമ്പത്തും അധികാരവും കാരണം നാടിനെയും ജനങ്ങളെയും മറന്നതാണ് നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം പരാജയപ്പെടാൻ കാരണമെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തിന്റെ ഓണപ്പതിപ്പിൽ എഴുതിയ ‘ഫുട്‌ബോൾ മൈതാനത്ത് വീണ കണ്ണീർ’ എന്ന ലേഖനത്തിലാണ് പാർട്ടി നിലപാടുകളെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
ലോകകപ്പ് ഫുട്ബോളിൽ ബ്രസീൽ ടീം പരാജയപ്പെട്ടതിന് സമാനമാണ് സി.പി.ഐ.എമ്മിന്റെ പതനമെന്ന് മുകുന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആയിരം കോടിയിലധികം സമ്പത്തുള്ള ബ്രസീലിലെയും അർജന്റീനയിലെയും കളിക്കാർ കാണികൾക്കോ രാജ്യത്തിനോ വേണ്ടിയല്ല കളിച്ചത്. മത്സരങ്ങളിൽ വിജയിക്കാൻ ആവശ്യമായ തീ ഉള്ളിൽ നിന്ന് കെട്ടുപോയതുകൊണ്ടാണ് അവർ കളത്തിലിറങ്ങി വിയർക്കാതിരുന്നത്. ഈ സമാനമായ രസതന്ത്രമാണ് സി.പി.ഐ.എമ്മിന്റെ ദയനീയ പരാജയത്തിന് പിന്നിലെന്നും അദ്ദേഹം നിരീക്ഷിച്ചു.
സി.പി.ഐ.എം റാലികളിൽ ജനങ്ങൾ സ്വയം ഒഴുകിയെത്തിയതല്ലെന്നും ആളുകളെ കൊണ്ടുവന്നതാണെന്നും, അതുകൊണ്ടാണ് അവർ വോട്ട് ചെയ്യാതിരുന്നതെന്നും മുകുന്ദൻ വിമർശിച്ചു. ബ്രസീൽ താരങ്ങൾ കാണികളെ മറന്നതുപോലെ സി.പി.ഐ.എം ജനങ്ങളെയും മറന്നു. ഇടതുപക്ഷം ഇല്ലാതായാൽ ആ സ്ഥാനത്തേക്ക് ബി.ജെ.പി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഇല്ലാതായാൽ ആ സ്ഥാനത്ത് ബി.ജെ.പി വരുമെന്ന് പിണറായി എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും എം. മുകുന്ദൻ ലേഖനത്തിൽ ചോദ്യമുയർത്തുന്നു.



