പുരുഷാധിപത്യത്തിലും ഹിന്ദു-മുസ്ലിം രാഷ്ട്രീയമോ? കിരൺ റിജിജുവിനെതിരെ രൂക്ഷവിമർശനവുമായി സൗരവ് ദാസ്

ന്യൂഡൽഹി: പുരുഷാധിപത്യത്തെ തകർക്കുക എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാവ് സൗരവ് ദാസ്. പുരുഷാധിപത്യം തകർക്കുക എന്ന ആഹ്വാനത്തെക്കുറിച്ച് ‘എന്തിനാണ് എപ്പോഴും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്’ എന്ന് റിജിജു എക്സിൽ (ട്വിറ്റർ) കുറിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സൗരവ് ദാസ് രംഗത്തെത്തിയത്. പുരുഷാധിപത്യത്തിനെതിരെയുള്ള നിലപാടിനെ എന്തിനാണ് ഒരു ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പ്രതിഷേധങ്ങൾക്കിടെ വിദ്യാർത്ഥികളാരും മരിച്ചില്ലല്ലോ എന്ന് അഭിമുഖങ്ങളിൽ ചോദിക്കാൻ ധൈര്യപ്പെടുന്ന ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും ഈ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സൗരവ് ദാസ് വിമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും രാജ്യത്തെ സ്കൂളുകൾ, കോളേജുകൾ, റോഡുകൾ, ആരോഗ്യം, വായു, വെള്ളം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രമന്ത്രി തയ്യാറാകേണ്ടതെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ വിദ്യാർത്ഥിനികളോട് സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മനുസ്മൃതി അധിഷ്ഠിതമായ പുരുഷാധിപത്യ ചിന്താഗതികൾ സ്ത്രീകളെ കൂട്ടിലടയ്ക്കാനും നിയന്ത്രിക്കാനുമാണ് ശ്രമിക്കുന്നതെന്നും, സ്ത്രീകൾ സ്വന്തം സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും വേണ്ടി പോരാടണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസ് പുരുഷാധിപത്യം തകർക്കാൻ പറയുമ്പോൾ എന്തുകൊണ്ടാണ് ന്യൂനപക്ഷ സ്ത്രീകളുടെയോ മുത്തലാഖിന്റെയോ കാര്യം പറയാത്തതെന്നും, മുസ്ലിം പെൺകുട്ടികളും രാജ്യത്തിന്റെ സഹോദരിമാരാണെന്ന കാര്യം മറക്കരുതെന്നുമായിരുന്നു റിജിജുവിന്റെ പ്രതികരണം. ഭാരതീയ പെൺമക്കൾ ഐ.എസ്.ആർ.ഒയിലും ഒളിമ്പിക്സിലും പ്രതിരോധ രംഗത്തും തിളങ്ങുമ്പോൾ സമൂഹത്തെ വിഭജിക്കാൻ അവരെ ദുർബലരായി ചിത്രീകരിക്കരുതെന്നും റിജിജു കൂട്ടിച്ചേർത്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles