ഒമാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

മസ്‌കത്ത്: മൂന്നര പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായ മലയാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ‘ശ്രീലയത്തിൽ’ മുത്തോടി ശ്രീധരൻ (69) ആണ് ഒമാനിലെ മസ്‌കത്തിലുള്ള അൽ ഖുവൈറിൽ അപകടത്തിൽപ്പെട്ടത്. ബിഷാറയിലെ റിട്ടയേർഡ് സർവീസ് എഞ്ചിനീയറായിരുന്നു.ബുധനാഴ്ച വൈകീട്ട് 6.30 ഓടെ താൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസിൽ പതിവ് വ്യായാമത്തിനായി പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. 1990 മുതൽ ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു ശ്രീധരൻ.

റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി.ഒമാൻ യുണൈറ്റഡ് ഇൻഷുറൻസിൽ സീനിയർ മാനേജരായ ലത കുമാരൻ നായരാണ് ഭാര്യ. ബംഗളൂരുവിൽ എഞ്ചിനീയർമാരായ രാഹുൽ ശ്രീധരൻ, രോഹിത് ശ്രീധരൻ എന്നിവർ മക്കളും സി. നന്ദന, സ്വാതി രാജ എന്നിവർ മരുമക്കളുമാണ്. മസ്‌കത്ത് മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. തുടർന്ന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ സംസ്കാരം നടക്കും.

Related Articles

- Advertisement -spot_img

Latest Articles