ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയർന്നത് ഇന്ത്യയ്ക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി റിപ്പോർട്ട്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസത്തിനിടെ ഫോസിൽ ഇന്ധനങ്ങൾക്കായി ഇന്ത്യ 22 ബില്യൺ ഡോളർ അധികമായി ചെലവഴിക്കേണ്ടി വന്നതായി സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇന്ധന വിലവർധന മൂലം ഏറ്റവും കൂടുതൽ തുക അധികമായി ചെലവഴിക്കേണ്ടി വന്ന 20 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്.ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ കാരണം ക്രൂഡ് ഓയിൽ, എണ്ണ ഉൽപ്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയുടെ വിലയിലുണ്ടായ വർധനവാണ് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഉയർത്തിയത്.
ലോക രാജ്യങ്ങളിൽ ഇന്ധന ഇറക്കുമതിയിൽ ഏറ്റവും കൂടുതൽ അധികച്ചെലവ് നേരിട്ടത് യൂറോപ്യൻ യൂണിയനും (78 ബില്യൺ ഡോളർ), ചൈനയുമാണ് (35 ബില്യൺ ഡോളർ). ഇവർക്ക് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.ഇറക്കുമതിയിലെ മറ്റ് മാറ്റങ്ങളും ഉയർന്ന വിലയും കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ അറ്റ അധിക ചെലവ് 14.4 ബില്യൺ ഡോളറാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 0.38 ശതമാനത്തിന് തുല്യമാണ്. ആറ് മാസത്തിനിടെ ക്രൂഡ് ഓയിലിനായി മാത്രം ഇന്ത്യ 20.5 ബില്യൺ ഡോളർ അധികമായി ചെലവഴിച്ചു. കൂടാതെ രാജ്യത്തെ എൽ.പി.ജി ഇറക്കുമതി ചെലവായ 4.7 ബില്യൺ ഡോളറിൽ 1.1 ബില്യൺ ഡോളറും വിലവർധന മൂലമുണ്ടായ അധിക ബാധ്യതയാണ്.
ലോകമെമ്പാടുമുള്ള ഫോസിൽ ഇന്ധന ഇറക്കുമതിക്കാർക്ക് ഈ പ്രതിസന്ധി മൂലം ആകെ 330 ബില്യൺ ഡോളറിന്റെ സാമ്പത്തിക ആഘാതമാണുണ്ടായിട്ടുള്ളത്. ആഭ്യന്തര ആവശ്യങ്ങൾക്കായി വിദേശ ഇന്ധനങ്ങളെ വൻതോതിൽ ആശ്രയിക്കുന്നതിനാൽ, അന്താരാഷ്ട്ര വിപണിയിലെ തരംഗങ്ങൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.



