ഇസ്രായേലിന് വൻ സൈനിക നാശം, ആയിരത്തിലേറെ സൈനികർ കൊല്ലപ്പെട്ടു: ഇറാൻ സേനാ വക്താവ്

ടെഹ്‌റാൻ: ഇറാനുമായുണ്ടായ സമീപകാല യുദ്ധത്തിൽ ഇസ്രായേലിന് വൻ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ഇറാൻ സേനയുടെ മുതിർന്ന വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫസൽ ശഖാർജി വെളിപ്പെടുത്തി. യുദ്ധത്തിൽ ആയിരത്തിലധികം ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ‘ഡെഫ പ്രെസ്’ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തങ്ങൾക്കുണ്ടായ യഥാർത്ഥ സൈനിക നാശനഷ്ടങ്ങൾ ലോകത്തിൽ നിന്ന് മറച്ചുവെക്കാനും വാർത്തകൾ സെൻസർ ചെയ്യാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ സൈനിക ശേഷി കേവലം ഒരു ‘ഹോളിവുഡ് പ്രചാരണ മാതൃക’ മാത്രമാണെന്നും, ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ വർഷങ്ങൾക്ക് ശേഷമാണ് യു.എസ് പുറത്തുവിട്ടതെന്നും ശഖാർജി ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട യു.എസ് സൈന്യം എത്രത്തോളം ദുർബലമാണെന്ന് ഈ യുദ്ധത്തിലൂടെ തെളിഞ്ഞതായി അദ്ദേഹം തുറന്നടിച്ചു.

അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന് വാഷിങ്ടണിന്റെ മേലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ ഇറാൻ സൈനിക വക്താവ്, സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അമേരിക്കയ്ക്ക് എങ്ങനെയാണ് സഖ്യകക്ഷികളെ സംരക്ഷിക്കാൻ സാധിക്കുകയെന്നും ചോദിച്ചു. ഹോർമൂസ് കടലിടുക്കിന്റെ സുപ്രധാന മേഖലകളിൽ അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ സാന്നിധ്യം ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പശ്ചിമേഷ്യയിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണ്ണമായി തുരത്തുമെന്ന മുന്നറിയിപ്പും നൽകി. ഒപ്പം ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖരുടെ മരണത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവർത്തിച്ചു. ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ വെളിപ്പെടുത്തലുകൾക്കിടെ, ജൂണിൽ ധാരണയായ കരാർ പാലിക്കാൻ അമേരിക്ക തയ്യാറായാൽ തങ്ങളും അതിനോട് അനുകൂലമായി പ്രതികരിക്കാൻ സന്നദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles