സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദ് കന്റോൺമെന്റിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് സായുധസേനയുടെ അത്യാധുനിക ആയുധങ്ങൾ മോഷണം പോയി. മദ്രാസ് റെജിമെന്റ് പരിസരത്തെ പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ ബലമായി തകർത്താണ് കവർച്ച നടത്തിയത്. നാല് എ.കെ-47 റൈഫിളുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ആയുധങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാത്രിയിലാണ് സൈന്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ ഈ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചത്. സാധാരണയായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറി പരിശോധിച്ചപ്പോഴാണ് നിരവധി തോക്കുകൾ കവർച്ച ചെയ്യപ്പെട്ട വിവരം സൈനികരുടെ ശ്രദ്ധയിൽപ്പെട്ടതും സംഭവം പുറത്തറിയുന്നതും.
സംഭവത്തെ തുടർന്ന് പ്രദേശം പൂർണ്ണമായി അടച്ചുപൂട്ടി സൈന്യവും പൊലീസും സംയുക്തമായി വൻ തിരച്ചിലും അന്വേഷണവും ആരംഭിച്ചു. സംഭവത്തിൽ സൈനിക ബൊള്ളാരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈനികർക്കും നിശ്ചിത ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള അതീവ നിയന്ത്രിത മേഖലയായതിനാൽ, കന്റോൺമെന്റിനകത്തുള്ളവരുടെ പങ്ക് സൈന്യവും പൊലീസും ശക്തമായി സംശയിക്കുന്നുണ്ട്. കന്റോൺമെന്റ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ, പ്രവേശന രേഖകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. കന്റോൺമെന്റിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സമയക്രമങ്ങളെക്കുറിച്ചും വ്യക്തമായ വിവരമുള്ള ആരെങ്കിലും മോഷണത്തിന് സഹായം നൽകിയിട്ടുണ്ടോയെന്നും, കഴിഞ്ഞ ദിവസങ്ങളിൽ ആയുധപ്പുരയിൽ പ്രവേശിച്ച ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്.



