ജിസാൻ: സോഷ്യൽ മീഡിയ വഴിയുള്ള തൊഴിൽ പരസ്യത്തിൽ വിശ്വസിച്ച് എത്തിയ പ്രവാസി യുവാവിനെ വിദേശത്ത് മലയാളികൾ ചേർന്ന് വഞ്ചിച്ചതായി പരാതി. വാട്സാപ്പ് തൊഴിൽ ഗ്രൂപ്പ് വഴി മിഠായി വിൽപ്പനയ്ക്കായി ആളുകളെ ആവശ്യമുണ്ടെന്ന വ്യാജ പരസ്യം നൽകിയാണ് തൃശൂർ, വണ്ടൂർ സ്വദേശികളായ രണ്ടു മലയാളികളും ഒരു അറബ് വംശജനും ചേർന്ന് ജിദ്ദയിലായിരുന്ന യുവാവിനെ ജിസാനിലെ സബ്യയിലേക്ക് വിളിച്ചുവരുത്തിയത്. ജോലിക്ക് എത്തിയ യുവാവിനെ വഞ്ചിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക, നിയമ കുരുക്കുകളിലേക്ക് തള്ളിയിടുകയായിരുന്നു തട്ടിപ്പ് സംഘം.
സബ്യയിലെത്തിയ യുവാവുമായി പ്രതികൾ ജോലി കാര്യങ്ങളും ശമ്പളവും സംസാരിച്ചുറപ്പിച്ചു. തുടർന്ന് സെയിൽസ് ആവശ്യത്തിനെന്ന വ്യാജേന യുവാവിന്റെ ഇഖാമയും ഡ്രൈവിങ് ലൈസൻസും ഉപയോഗിച്ച് ഇവരുടെ പേരിൽ വാഹനം വാടകയ്ക്കെടുപ്പിച്ചു. വിദേശത്ത് മലയാളികളാണല്ലോ എന്ന വിശ്വാസത്തിലാണ് യുവാവ് രേഖകൾ കൈമാറിയത്. എന്നാൽ, വാഹനം സ്വന്തമാക്കിയ തട്ടിപ്പ് സംഘം യുവാവ് ഉറങ്ങിക്കിടക്കുന്ന സമയം നോക്കി വാഹനവുമായി മുങ്ങുകയായിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് തിരിച്ചറിയുന്നത്.
പറഞ്ഞ കാലാവധിക്ക് വാഹനം തിരികെ ലഭിക്കാതായതോടെ വാടകക്കമ്പനി ഉടമകൾ യുവാവിനെ മാത്രം പ്രതിയാക്കി നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. ഇതോടെ വലിയ തുക നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയിലും യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയമക്കുരുക്കുകളിലും അകപ്പെട്ട യുവാവിനെ സഹായിക്കാൻ ജിസാൻ ഐ.സി.എഫ് വെൽഫെയർ വിഭാഗം രംഗത്തെത്തി. ഐ.സി.എഫ് സാമൂഹ്യപ്രവർത്തകൻ അബ്ദുറഹീം തിരൂരിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടപ്പിലാക്കിയ സംഘത്തിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും യുവാവിനെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.



