ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ നാലു നില കെട്ടിടം തകർന്നു വീണു. കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ എട്ടുപേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അപകടത്തിൽപ്പെട്ട രണ്ടുപേരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. പേയിംഗ് ഗസ്റ്റ് (PG) താമസസൗകര്യമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ പൂർണ്ണമായും നിലംപതിച്ചത്.
ഡൽഹി സർവ്വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് അപകടം നടന്ന സത്യനികേതൻ പ്രദേശം സ്ഥിതി ചെയ്യുന്നത്. കെട്ടിടം തകരുന്ന സമയത്ത് കുറഞ്ഞത് 50 വിദ്യാർത്ഥികളെങ്കിലും അകത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും പുറത്തുപോയിരുന്നതും വീട്ടിലേക്ക് മടങ്ങിയിരുന്നതും വൻ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതായാണ് നിഗമനം.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളായ സ്ലാബുകളും ഗർഡറുകളും നീക്കം ചെയ്യുന്നതിനായി എക്സ്കവേറ്ററുകൾ എത്തിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) പ്രത്യേക ടീമിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.



