ചെന്നൈ: തമിഴ്നാട്ടിൽ തുടർച്ചയായുണ്ടാകുന്ന കൊലപാതകങ്ങളും വഷളാകുന്ന ക്രമസമാധാനനിലയും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ നിയമസഭയിൽ ബഹളം. എന്നാൽ, സംസ്ഥാനത്ത് പോലീസ് ജനങ്ങളുടെ സംരക്ഷകരായി പ്രവർത്തിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പ്രതിപക്ഷ പ്രതിഷേധത്തിന് മറുപടിയായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. രാഷ്ട്രീയ ബന്ധങ്ങൾ നോക്കാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, പോലീസ് നല്ലവരോട് സൗഹൃദപരമായും കുറ്റവാളികളോട് കടുത്ത നിലപാടുള്ളതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഒരു അധികാരകേന്ദ്രമായി മാറാതെ ജന സംരക്ഷണ സംവിധാനമായി പ്രവർത്തിക്കണമെന്നാണ് സർക്കാറിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങൾ ഒരേസമയം ഉണ്ടായതല്ലെന്നും, പല സംഭവങ്ങൾക്കും പിന്നിൽ പഴയ വൈരാഗ്യവും പ്രതികാരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ കുറ്റകൃത്യത്തിനും വെവ്വേറെ കാരണങ്ങളുണ്ടാകാമെന്നിരിക്കെ, ഇത്തരം സംഭവങ്ങളെ പ്രതിപക്ഷം സർക്കാറിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അഴിമതിയോട് സർക്കാറിന് ‘സീറോ ടോളറൻസ്’ നിലപാടാണുള്ളതെന്നും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയാൻ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ ലഹരി ഉപയോഗത്തിന് അറുതി വരുത്താൻ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി 37 ജില്ലകളിലും ലഹരിവിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം ചെന്നൈയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 330 കേസുകൾ രജിസ്റ്റർ ചെയ്യുകയും 556 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. കോയമ്പത്തൂരിലെ കോളജിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ 36 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നടന്ന ശേഷം നടപടിയെടുക്കുന്നതിന് പകരം അവ മുൻകൂട്ടി തടയുന്നതിനായി ‘സിങ്കപ്പെൺ സ്പെഷൽ ഫോഴ്സ്’ രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.



