ഇരിട്ടി (കണ്ണൂർ): ക്ലാസ് മുറിയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തലകറങ്ങി വീണ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപികയായ സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് കുട്ടി ക്രൂരതയ്ക്ക് ഇരയായതായി കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയത്.
വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടി ക്ലാസിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണ സമയം ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് അധ്യാപിക ചോദിച്ചതായും കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കൾ ആരോപിക്കുന്നു. മുൻപ് പഠിപ്പിച്ചിരുന്ന അധ്യാപകരും സ്കൂൾ അധികൃതരും കുട്ടിയുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി പ്രത്യേക കരുതലും പരിഗണനയും നൽകിയിരുന്നു. എന്നാൽ, രണ്ടു ദിവസം മുൻപ് മാത്രം സ്കൂളിൽ പുതിയതായി ചുമതലയേറ്റ അധ്യാപിക വിദ്യാർത്ഥിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ ക്രൂരമായി പെരുമാറുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, കുട്ടിയുടെ രോഗവിവരങ്ങളോ ശാരീരിക അവസ്ഥയോ തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ആരോപണവിധേയയായ അധ്യാപികയുടെ വിശദീകരണം. വിദ്യാർത്ഥിയെ മർദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ അധ്യാപിക, വിഷയത്തിൽ തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചതായി സമ്മതിച്ചിട്ടുണ്ട്.



