കോഴിക്കോട്: ടിമൂർ ലെസ്റ്റെയിലെ ഡിലിയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ റീജിയണൽ കമ്മിറ്റിയുടെ എഴുപത്തിയൊൻപതാം സമ്മേളനത്തിൽ പബ്ലിക് ഹെൽത്ത് ചാമ്പ്യൻ വിഭാഗത്തിലുള്ള 2026 ലെ ഡബ്ല്യു.എച്ച്.ഒ സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണൽ അവാർഡ് ഡോ. കെ. സുരേഷ് കുമാർ ഏറ്റുവാങ്ങി. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് ആണ് ചടങ്ങിൽ അവാർഡ് കൈമാറിയത്.
പാലിയേറ്റീവ് കെയർ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ ‘കേരള മാതൃക’ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ. സുരേഷ് കുമാർ. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ 1993-ൽ ആരംഭിച്ച പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻെറയും (IPM) മുൻനിര ശില്പികളിൽ ഒരാളാണ് അദ്ദേഹം.
ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകൃത കൊളാബറേറ്റീവ് സെന്ററായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ മാറ്റുന്നതിലും അന്താരാഷ്ട്ര തലത്തിൽ പരിശീലനങ്ങളും ഗവേഷണങ്ങളും വ്യാപിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാലിയേറ്റീവ് പരിചരണം സാധാരണക്കാർക്ക് പ്രാപ്യവും താങ്ങാനാവുന്നതും സുസ്ഥിരവുമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് സാധിച്ചു.
കേരളത്തിൽ വേരൂന്നിയ ഈ ജനകീയ പരിചരണ മാതൃക ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ വിവിധ രാജ്യങ്ങൾ കൂടി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.
അന്തസ്സും ആർദ്രതയു. സമൂഹ പങ്കാളിത്തവും അടിസ്ഥാനമാക്കിയുള്ള മാതൃകാപരമായ സേവനങ്ങൾക്കാണ് ഡോ. സുരേഷ് കുമാറിനെ തേടി ഇപ്പോൾ ആഗോളതലത്തിലുള്ള വലിയ അംഗീകാരമെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും ഏറെ അഭിമാനകരമായ നേട്ടം ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കും ജീവകാരുണ്യ പ്രവർത്തകർക്കും വലിയൊരു ഊർജ്ജമാണ് പകരുന്നത്.



