ലൂബ്ലിയാന: സ്ലൊവേനിയൻ തലസ്ഥാനമായ ലൂബ്ലിയാനയിൽ ഇസ്റാഈലിന്റെ പുതിയ എംബസി പ്രവർത്തനമാരംഭിച്ചതിനെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധം. വംശഹത്യ ആരോപണം നേരിടുന്ന ഇസ്റാഈലുമായി സർക്കാരുണ്ടാക്കിയ നയതന്ത്ര അടുപ്പത്തിലും എംബസി ഉദ്ഘാടനത്തിലും രോഷാകുലരായ ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. സ്ലൊവേനിയയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി യാനെസ് യാൻഷെ ഇസ്റാഈലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നടത്തിയ നടപടികളുടെ തുടർച്ചയായാണ് വിദേശകാര്യ മന്ത്രി ഗിദിയോൺ സാറിന്റെ സാന്നിധ്യത്തിൽ എംബസി ഉദ്ഘാടനം ചെയ്തത്.
‘ഫലസ്തീന് വേണ്ടി ഒന്നിക്കാം’, ‘വംശഹത്യ ആത്മരക്ഷയല്ല’ തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തി എംബസി കെട്ടിടത്തിന് മുന്നിലൂടെ പ്രതിഷേധക്കാർ റാലി നടത്തി. ഗസ്സയിലെ ആക്രമണങ്ങളെ ‘വംശഹത്യ’യെന്ന് വിശേഷിപ്പിക്കുകയും ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും ചെയ്ത മുൻ പ്രധാനമന്ത്രി റോബർട്ട് ഗോലോബിന്റെ വിദേശനയം തിരുത്തിക്കുറിച്ചു കൊണ്ടാണ് പുതിയ സർക്കാർ ഇസ്റാഈലുമായി സഹകരണം ശക്തമാക്കിയത്. ഇതിനെതിരെ സർവേയിൽ പങ്കെടുത്ത 56 ശതമാനം ജനങ്ങളും എതിർപ്പ് അറിയിച്ചിരുന്നു.
സർക്കാരിന്റെ ഇസ്റാഈൽ അനുകൂല നിലപാടുകൾക്കെതിരെ മുൻ പ്രധാനമന്ത്രി ഗോലോബിന്റെ ഫ്രീഡം മൂവ്മെന്റും ലെഫ്റ്റ് പാർട്ടിയും ചേർന്ന് പ്രധാനമന്ത്രി യാൻഷെക്കെതിരെ സ്ലൊവേനിയൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം സമർപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്റാഈൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തി ഇസ്റാഈലിനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമ്പോൾ സ്ലൊവേനിയ കൈക്കൊള്ളുന്ന ഇസ്റാഈൽ അനുകൂല നിലപാട് രാജ്യത്തിനകത്തും ആഗോള തലത്തിലും കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.



