സി.എം.ആർ.എൽ കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇ.ഡി കത്ത്; സർക്കാരിന്റെ നിർണ്ണായക നീക്കം ഉടൻ

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന ഡി.ജി.പിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമനടപടികളിലേക്ക് കടക്കാൻ സാധ്യത. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. കേന്ദ്ര ഏജൻസി നൽകിയ ഔദ്യോഗിക വിവരങ്ങളുടെ പശ്ചാത്തലത്തിൽ കേസെടുക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് ഇരുവരും എത്തിച്ചേർന്നത്.

ഇ.ഡിയുടെ കത്ത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കറ്റ് ജനറലിൽനിന്ന് (എ.ജി) നിയമോപദേശം തേടിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന തരത്തിൽ ഉപദേശം ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. എ.ജിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇത് ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും, പ്രാഥമിക അന്വേഷണത്തിനോ വിജിലൻസ് അന്വേഷണത്തിനോ ഉത്തരവിടുകയും ചെയ്യും. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ മകൾ വീണയുടെ കമ്പനി വഴി 3.28 കോടി രൂപ സി.എം.ആർ.എല്ലിൽ നിന്ന് കൈക്കൂലിയായി കൈപ്പറ്റിയെന്നും, ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് ഇ.ഡി പോലീസിന് കൈമാറിയിട്ടുള്ളത്.

വിഷയത്തിൽ രാഷ്ട്രീയ ഒത്തുകളി ആരോപണങ്ങൾ ഒഴിവാക്കാൻ കേസ് അന്വേഷണം വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് കൈമാറാനാണ് സർക്കാരിന്റെ നീക്കം. കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തി തെളിവുകളില്ലെങ്കിൽ അവസാനിപ്പിക്കാനോ, കഴമ്പുണ്ടെന്ന് കണ്ടാൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാനോ സർക്കാരിന് സാധിക്കും. പൊതുപ്രവർത്തകർക്കെതിരെ അന്വേഷണത്തിന് മാത്രം മുൻകൂർ അനുമതി ആവശ്യമില്ലെങ്കിലും, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇ.ഡിക്ക് തങ്ങളുടെ അന്വേഷണവുമായി കൂടുതൽ ശക്തമായി മുന്നോട്ട് പോകാനുള്ള വഴിയൊരുങ്ങും.

Related Articles

- Advertisement -spot_img

Latest Articles