കോഴിക്കോട്: എട്ടു മാസത്തെ ശമ്പള കുടിശ്ശിക ഉൾപ്പെടെ ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ ‘മാധ്യമം’ പത്ര മാനേജ്‌മെന്റ് തയ്യാറാകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരപന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിക്കുന്ന ശമ്പളം കൊണ്ടുപോലും ജീവിക്കാൻ പ്രയാസപ്പെടുന്ന കാലഘട്ടത്തിൽ എട്ടു മാസത്തോളം വേതനം ലഭിക്കാതിരിക്കുന്നത് ജീവനക്കാരുടെയും കുടുംബങ്ങളുടെയും ദൈനംദിന ജീവിതത്തെയും ചികിത്സയെയും മക്കളുടെ വിദ്യാഭ്യാസത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ മന്ത്രി ഓണക്കാലത്ത് ഇടപെട്ട് മുന്നോട്ടുവെച്ച പരിഹാര നിർദ്ദേശങ്ങൾ പോലും സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല എന്നത് ഖേദകരമാണെന്ന് എം.പി പറഞ്ഞു. സർക്കാർ ജോലി ഉപേക്ഷിച്ച് മാധ്യമപ്രവർത്തനത്തോട് സാമൂഹിക പ്രതിബദ്ധത പുലർത്തി കടന്നുവന്ന ജീവനക്കാരുടെ ആത്മാർത്ഥത മാനേജ്‌മെന്റ് തിരിച്ചറിയണം. ദുരഭിമാനം വെടിഞ്ഞ് മാനുഷിക പരിഗണനയോടെ ജീവനക്കാരുടെ പ്രശ്നങ്ങൾ നിയമപരമായും ചർച്ചകളിലൂടെയും പരിഹരിക്കാൻ മാനേജ്‌മെന്റ് മുന്നോട്ടുവരണമെന്നും സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാം ദിവസത്തിലേക്ക് കടന്ന സമരം എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി പ്രതിനിധി ഡോ. എം. ജ്യോതിരാജ്, കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി രതീഷ് ചാലിയാടത്ത് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമരപന്തലിലെത്തി ജീവനക്കാർക്ക് പിന്തുണ അറിയിച്ചു.



