കോഴിക്കോട്: അഞ്ചു ദിവസത്തെ ഔദ്യോഗിക ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം സെപ്തംബർ 13 ഞായറാഴ്ച കേരളത്തിലെത്തുന്നു. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം കോഴിക്കോട്ടേക്ക് എത്തുക. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
കോഴിക്കോട് മർകസ് സെൻട്രൽ ക്യാമ്പസിലെത്തുന്ന മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുകയും മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക പ്രാർഥനാ സംഗമത്തിലും സൽക്കാരത്തിലും പങ്കെടുക്കുകയും ചെയ്യും. വിദ്യാഭ്യാസം, വൈജ്ഞാനികരംഗം, സാമൂഹിക വികസനം എന്നിവ ആസ്പദമാക്കി മത-രാഷ്ട്രീയ-സാമൂഹിക പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയിലും അദ്ദേഹം സംബന്ധിക്കും. തുടർന്ന് കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം. വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിക്കും. ഇത് രണ്ടാം തവണയാണ് അൻവർ ഇബ്‌റാഹീം ഗ്രാൻഡ് മുഫ്തിയെ കാണാൻ കേരളത്തിലെത്തുന്നത്. 2022 സെപ്റ്റംബറിൽ മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മർകസ് സന്ദർശനം.
2023-ൽ മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ‘ഹിജ്റ പുരസ്‌കാരം’ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കൂടാതെ, കാന്തപുരത്തിന്റെ ഹദീസ് അധ്യാപന മേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ വെച്ച് അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങളും മലേഷ്യൻ സർക്കാർ സംഘടിപ്പിച്ചിരുന്നു. മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമകാര്യങ്ങളിലും കോഴിക്കോട്ടുനിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിലും ഗ്രാൻഡ് മുഫ്തി മുൻകൈയെടുത്തിട്ടുണ്ട്. മലേഷ്യൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ വാണിജ്യം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



