കൊച്ചി: അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെയും ദേശീയ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കൊച്ചി കേന്ദ്രീകരിച്ച് ഭാരതീയ ന്യായ സംഹിത പ്രകാരം പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു. സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണായക നീക്കം. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് സ്ഥിരീകരിച്ചാൽ ഉടൻതന്നെ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.
മെസിയെ കൊണ്ടുവരാൻ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത കമ്പനി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി എസ്.ഐ.ടിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശ ഏജൻസിക്ക് കൈമാറിയ 126 കോടി രൂപയിൽ വിദേശനാണ്യ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നതായും സൂചനയുണ്ട്. ഇതിനുപുറമെ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്‌പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയ 206 കോടി രൂപയുടെ സാമ്പത്തിക ഉറവിടവും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
കൃത്യമായ പ്രോജക്ട് റിപ്പോർട്ടോ മൂന്ന് കക്ഷികൾ ചേർന്നുള്ള ഔദ്യോഗിക കരാറോ ഇല്ലാതെയാണ് മുൻ സർക്കാരിന്റെ കാലത്ത് സ്‌പോൺസർക്ക് അനുമതി നൽകിയതെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. സ്‌പോൺസറെ തിരഞ്ഞെടുത്ത രീതി, കലൂർ സ്റ്റേഡിയം വിട്ടുനൽകിയതിൽ നൽകിയ ഇളവുകൾ, മുൻ കായിക മന്ത്രിയുടെ സ്‌പെയിൻ സന്ദർശനം എന്നിവയും സമഗ്ര അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ ശാസ്ത്രീയ രേഖകൾ ശേഖരിക്കുന്നതിനും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനുമുള്ള നടപടികളുമായി എസ്.ഐ.ടി മുന്നോട്ടുപോകുകയാണ്.



