കൊച്ചി : കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ രണ്ട് സംസ്ഥാന സർക്കാരുകൾ വിവിധ കേസ് നടത്തിപ്പുകൾക്കായി പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചത് 245.62 കോടി രൂപ. സർക്കാർ അഭിഭാഷകരുടെ പ്രതിഫലം, സുപ്രീംകോടതിയിലെയും മറ്റ് കോടതികളിലെയും സ്റ്റാൻഡിങ് കൗൺസലർമാർക്കുള്ള ഫീസ്, മുതിർന്ന അഭിഭാഷകരുടെ പ്രതിഫലം, നിയമോപദേശങ്ങൾ തുടങ്ങിയ ഇനങ്ങളിലായി ആകെ 2,45,61,75,906 രൂപയാണ് ചെലവഴിച്ചത്. വിവരവകാശ രേഖകൾ വഴിയാണ് ഈ തുകയുടെ കണക്കുകൾ പുറത്തുവന്നത്.
ആകെ 226 നിയമ ഉദ്യോഗസ്ഥർക്കായി 193.06 കോടി രൂപയാണ് (1,93,06,02,135) അനുവദിച്ചത്. സ്റ്റാൻഡിങ് കൗൺസലർമാർക്ക് ഫീസ് ഇനത്തിൽ 10.68 കോടി രൂപ നൽകി. കൗൺസലർമാരിൽ സി.കെ. ശശി (3.50 കോടി), ജി. പ്രകാശ് (3.15 കോടി), നിഷ രാജൻ ശങ്കർ (3.05 കോടി) എന്നിവരാണ് ഉയർന്ന തുക കൈപ്പറ്റിയത്.
വിവിധ പ്രധാന കേസുകളിൽ ഹാജരായ 48 സീനിയർ അഭിഭാഷകർക്കായി 38.91 കോടി രൂപ നൽകി. ആകെ 789 കേസുകളാണ് ഇവർ സർക്കാറിനായി കൈകാര്യം ചെയ്തത്. ഇതിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കപിൽ സിബലിന് അഞ്ച് കേസുകൾക്ക് മാത്രമായി 5.62 കോടി രൂപ അനുവദിച്ചു. ജയദീപ് ഗുപ്ത (273 കേസുകൾക്ക് 8.91 കോടി), വി. ഗിരി (94 കേസുകൾക്ക് 3.96 കോടി), പല്ലവ് ശിശോദിയ (2.47 കോടി), ജയന്ത് മുത്തുരാജ് (1.28 കോടി), കെ.എൻ. ബാലഗോപാൽ (1.22 കോടി), പി.വി. സുരേന്ദ്രനാഥ് (1.19 കോടി) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ അഭിഭാഷകർക്ക് നൽകിയ ഫീസിന്റെ കണക്കുകൾ.



