സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംരക്ഷണം ലഭിച്ചില്ല; ജീവനിൽ ഭയമുണ്ടെന്ന് നിഷു ആസാദ്

ന്യൂഡൽഹി: തനിക്കും കുടുംബത്തിനും അടിയന്തര സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന നിർദേശമുണ്ടായിട്ടും ഡൽഹി-ഉത്തർപ്രദേശ് പോലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിച്ചില്ലെന്ന് പതിനാലുകാരിയായ വിദ്യാർത്ഥി പ്രക്ഷോഭക നിഷു ആസാദ്. നിരന്തരമായ വധഭീഷണികളും അധിക്ഷേപങ്ങളും കാരണം സ്വന്തം ജീവനിൽ ഭയമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിഷു ആസാദ് സോഷ്യൽ മീഡിയയിലൂടെ നീതി തേടി രംഗത്തെത്തി. വരാനിരിക്കുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെയും തുടർച്ചയായ ഭീഷണികൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി വ്യക്തമാക്കി.

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരത്തിനിടെ പിതാവിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പോലീസിനെ സമീപിച്ചതോടെയാണ് തനിക്ക് നേരെ വീടിന് നേരെ കല്ലേറും സോഷ്യൽ മീഡിയ വഴി വധഭീഷണികളും ഉണ്ടായതെന്ന് നിഷു ആസാദ് ചൂണ്ടിക്കാട്ടുന്നു. ഭീഷണികളെയും അക്രമങ്ങളെയും ഗൗരവമായി കണ്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, പെൺകുട്ടിക്കും കുടുംബത്തിനും അടിയന്തര സുരക്ഷ ഉറപ്പാക്കാനും റിപ്പോർട്ട് സമർപ്പിക്കാനും പോലീസിന് നിർദേശം നൽകിയിരുന്നു.

എന്നാൽ കോടതി ഉത്തരവ് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണം ലഭ്യമായിട്ടില്ലെന്ന് നിഷു ആസാദ് വ്യക്തമാക്കുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ വ്യാജ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും, യാത്ര ചെയ്യേണ്ടിവരുമ്പോൾ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഭയക്കുന്നതായും നിഷു വെളിപ്പെടുത്തി. എത്രയും വേഗം സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കി തനിക്കും കുടുംബത്തിനും ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്ന് ദൽഹി, ഉത്തർപ്രദേശ് പോലീസ് അധികാരികളോട് നിഷു അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles