ഫലസ്‌തീൻ ദ്വിരാഷ്ട്ര പരിഹാരം വേണം, ഡോളറിന്റെ പകരം പ്രാദേശിക കറൻസികൾ; ബ്രിക്സ് സംയുക്ത പ്രഖ്യാപനം പുറത്തിറക്കി

ന്യൂഡൽഹി: അന്താരാഷ്ട്ര തർക്കങ്ങളും സംഘർഷങ്ങളും ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്ന നിലപാട് ആവർത്തിച്ച് പ്രഖ്യാപിച്ച് ബ്രിക്സ് ഉച്ചകോടി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ അംഗരാജ്യങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഔദ്യോഗിക സംയുക്ത പ്രഖ്യാപന രേഖ പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണികളിലും ബ്രിക്സ് കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികളെയും താരിഫ് ഏർപ്പെടുത്തലുകളെയും കൂട്ടായ്മ ശക്തമായി അപലപിച്ചു.

യു.എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്കും ബ്രസീലിനും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യത്തിന് സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വീണ്ടും പിന്തുണ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അടിയന്തരമായി പരിഷ്കരിക്കണമെന്ന് പ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, ആഗോള വ്യാപാരത്തിൽ യു.എസ് ഡോളറിന്റെ മേധാവിത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനും അതിർത്തി കടന്നുള്ള പണമിടപാടുകൾ സുഗമമാക്കാനും ധാരണയായി.

ഭീകരവാദത്തിനെതിരെ കർശന നിലപാടാണ് പ്രഖ്യാപന രേഖ ഉയർത്തിപ്പിടിക്കുന്നത്. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ബ്രിക്സ്, ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ കൂട്ടിക്കെട്ടരുതെന്നും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ ഗാസയിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായം ലഭ്യമാക്കണമെന്നും ഫലസ്തീൻ വിഷയത്തിൽ ശാശ്വതമായ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക വ്യാപാര സംഘടനയുടെ (WTO) പരിഷ്കരണത്തിനും തുറന്നതും സുതാര്യവുമായ ആഗോള വ്യാപാര സംവിധാനത്തിനും ബ്രിക്സ് പിന്തുണ ആവർത്തിച്ചു.

Related Articles

- Advertisement -spot_img

Latest Articles