ഡൽഹിയിലെ ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സണ്ണി അസൽദേക്കറാണ് മരിച്ചത്. ലേ ഓവറിന്റെ ഭാഗമായി ഹോട്ടലിൽ തങ്ങുകയായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സെപ്റ്റംബർ 10-നാണ് സണ്ണി അസൽദേക്കർ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. അടുത്ത ദിവസം സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ഹോട്ടൽ മാനേജറെ വിവരമറിയിക്കുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ മുറി മാസ്റ്റർ കീ ഉപയോഗിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വസന്ത് കുഞ്ച് നോർത്ത് പോലീസും ക്രൈം ടീമും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടത്തിനും തുടരന്വേഷണത്തിനുമായി നടപടികൾ പുരോഗമിക്കുകയാണ്.

നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസൽദേക്കർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് എയർ ഇന്ത്യയിൽ ചേർന്നത്. ശനിയാഴ്ച പുലർച്ചെയുള്ള വിമാന സർവീസ് നടത്താനിരിക്കവെയാണ് ദാരുണമായ സംഭവം. പൈലറ്റിന്റെ അപ്രതീക്ഷിത വേർപാടിൽ എയർ ഇന്ത്യ കടുത്ത ദുഃഖം രേഖപ്പെടുത്തി. വേർപാടിൽ അനുശോചനം അറിയിച്ച കമ്പനി, സണ്ണിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles