സൗദിയിൽ ഹൂതി ആക്രമണത്തിൽ 13 സാധാരണക്കാർക്ക് പരിക്ക്; പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതി മിലിഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയോടെ പടിഞ്ഞാറൻ, തെക്കൻ സൗദിയിലെ പ്രധാന നഗരങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഖമീസ് മുഷൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലെ സാധാരണക്കാർ താമസിക്കുന്ന മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാൻ പിന്തുണയുള്ള ഹൂതി സംഘം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 13 സാധാരണക്കാർക്ക് ചെറുതും ഇടത്തരം സ്വഭാവമുള്ളതുമായ പരിക്കേൽക്കുകയും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ തുടർന്ന് അബഹ, ജിദ്ദ, ജിസാൻ, തായിഫ്, യാൻബു, അൽഉല എന്നീ നഗരങ്ങളിൽ സൗദി സിവിൽ ഡിഫൻസ് കർശന സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികൾ നടത്തുന്ന ക്രൂരവും ആസൂത്രിതവുമായ അക്രമങ്ങൾ അവരുടെ തീവ്രവാദ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് സഖ്യസേനാ വക്താവ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ഈ കടന്നാക്രമണങ്ങളെ ശക്തമായും ഉത്തരവാദിത്തത്തോടെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയിൽ സൗദിയുടെ വിവിധ നഗരങ്ങളിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലധികം പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ, റിയാദ്, മദീന മേഖലകളിലെ ‘ഈസ്റ്റ്-വെസ്റ്റ്’ എണ്ണ പൈപ്പ്‌ലൈനുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് പൈപ്പ്‌ലൈൻ പ്രവർത്തനം സൗദി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എണ്ണ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ജി.സി.സി രാജ്യങ്ങളും മറ്റ് ഇസ്‌ലാമിക കൂട്ടായ്മകളും ശക്തമായി അപലപിക്കുകയും സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles