റിയാദ്: ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ താൽക്കാലികമായി അടച്ചിട്ട തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ ആഗോള എണ്ണവിപണിക്ക് വൻ ഭീഷണിയാകുന്നു. ആഗോള എണ്ണ വിതരണത്തിന്റെ 4 മുതൽ 5 ശതമാനം വരെ വഹിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്ലൈൻ താത്കാലികമായി നിർത്തിവെച്ചത് അന്താരാഷ്ട്ര വിപണിയിൽ കനത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കിഴക്കൻ സൗദിയിലെ അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽ നിന്ന് ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ്ലൈൻ ‘പെട്രോലൈൻ’ എന്ന പേരിലും അറിയപ്പെടുന്നു.
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങളും തടസ്സങ്ങളും ഒഴിവാക്കി എണ്ണ കയറ്റുമതി ചെയ്യാനുള്ള സൗദി അറേബ്യയുടെ പ്രധാന ബദൽ മാർഗ്ഗമാണിത്. എന്നാൽ റിയാദ്, മദീന പ്രവിശ്യകളിൽ പൈപ്പ്ലൈന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾ പമ്പ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ വരുത്തുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് മുൻകരുതൽ നടപടിയായി പ്രവർത്തനം നിർത്തിവെക്കാൻ സൗദി ഊർജ്ജ മന്ത്രാലയം തീരുമാനിച്ചത്. പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ആഴ്ചകൾ എടുത്തേക്കാമെന്നാണ് സൂചന.
ചെങ്കടൽ മാർഗ്ഗമുള്ള കയറ്റുമതിയും തടസ്സപ്പെടുന്നതോടെ നിലവിൽ യാൻബു തുറമുഖത്തുള്ള എണ്ണശേഖരം കൊണ്ട് അടുത്ത 5 മുതൽ 7 ദിവസത്തേക്ക് മാത്രമേ കയറ്റുമതി തുടരാനാകൂ. ഈ തടസ്സം നീണ്ടുപോയാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ ലഭ്യതക്കുറവ് രൂക്ഷമാകുമെന്നും എണ്ണവില വർദ്ധനവിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



