ന്യൂഡൽഹി: 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില് കോഡ് നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഘടകകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. എൻ.ഡി.എ സഖ്യത്തിലെ പ്രമുഖ കക്ഷികളായ ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവർ കേന്ദ്ര നീക്കത്തിനെതിരെ വിയോജിപ്പും കടുത്ത ജാഗ്രതയും പരസ്യമാക്കി രംഗത്തെത്തി. ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി. ദേശീയ തലത്തിൽ തത്ത്വത്തിൽ അനുകൂലിക്കുന്നുണ്ടെങ്കിലും ബിഹാറിന്റെ പ്രത്യേക സാഹചര്യത്തിൽ യു.സി.സി അടിച്ചേൽപ്പിക്കാനാകില്ലെന്ന് ജെ.ഡി.യു നേതാവും മുൻ മന്ത്രിയുമായ ശ്യാം രജക് വ്യക്തമാക്കി.
രാജ്യത്തിന്റെ സാമൂഹിക-മതപരമായ വൈവിധ്യങ്ങൾ പരിഗണിച്ച് വിശാലമായ ദേശീയ സമവായവും ആഴത്തിലുള്ള ചർച്ചകളും മാത്രമേ ഇത്തരമൊരു നീക്കത്തിന് മുന്നോടിയായി പാടുള്ളൂവെന്ന മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട് ജെ.ഡി.യു ആവർത്തിച്ചു. വിഷയത്തിൽ ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തുമെന്ന് വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും അറിയിച്ചു.മറ്റൊരു ബിഹാർ സഖ്യകക്ഷിയായ എൽ.ജെ.പി (രാം വിലാസ്) നിയമം നിരുപാധികം നടപ്പിലാക്കുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.
നിയമത്തിന്റെ കരട് ഭേദഗതി പബ്ലിക് ഡൊമെയ്നിൽ പങ്കുവെക്കണമെന്നും ഭരണഘടനാ സംരക്ഷണങ്ങളും ആദിവാസി വിഭാഗങ്ങളുടെ ആചാരപരമായ ഇളവുകളും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അന്തിമ നിലപാട് സ്വീകരിക്കൂവെന്നും എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ വ്യക്തമാക്കി. അതേസമയം, ഏകീകൃത സിവിൽ കോഡിനെ തത്ത്വത്തിൽ പിന്തുണയ്ക്കുമ്പോഴും വിവിധ വിഭാഗങ്ങളുമായി വിപുലമായ ചർച്ച നടത്തണമെന്ന് തെലുങ്കുദേശം പാർട്ടി (TDP) ആവശ്യപ്പെട്ടു.



