വാഷിംഗ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നിയമനിർമ്മാണത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന ഭേദഗതികൾ യു.എസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. റഷ്യയിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബില്ലിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ അമേരിക്കൻ പ്രതിനിധികൾ ശ്രമിക്കുന്നത്.’ലിൻഡ്സി ഒ ഗ്ലെൻ സങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട്’ എന്ന പേരിൽ യു.എസ് സെനറ്റ് മുൻപ് പാസാക്കിയ ബില്ലിലാണ് ഭേദഗതി നിർദ്ദേശങ്ങൾ വന്നിരിക്കുന്നത്.
റഷ്യയുടെ എണ്ണ വ്യാപാരം യുക്രൈനെതിരായ യുദ്ധത്തിന് ഫണ്ട് കണ്ടെത്താൻ സഹായിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ സ്റ്റെനി ഹോയർ സമർപ്പിച്ച ഭേദഗതിയിൽ ഇന്ത്യ, ചൈന, തുർക്കി, യു.എ.ഇ തുടങ്ങി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞ് 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.
അതേസമയം, യു.എസ് പ്രസിഡന്റിന് ഇത്തരത്തിൽ അനിയന്ത്രിതമായ താരിഫ് അധികാരങ്ങൾ നൽകുന്നതിനെ എതിർത്തുകൊണ്ട് മറ്റൊരു വിഭാഗം ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സെക്ഷൻ 113 പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അംഗം ഗ്രിഗറി മീക്സ് ഭേദഗതി നൽകി. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി സഭ പിരിയുന്നതിന് മുൻപ് ഈ ഉപരോധ ബിൽ പാസാക്കിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കൻ ഭരണകൂടം.



