ബാബുൽ മന്ദബിൽ ഇറ്റലിയുടെ പ്രതിരോധ നീക്കം: വ്യാപാരക്കപ്പലുകളുടെ സുരക്ഷയ്ക്ക് യുദ്ധക്കപ്പലുകൾ

റോം: യൂറോപ്യൻ യൂണിയന്റെ (EU) കൂട്ടായ തീരുമാനങ്ങൾക്കായി കാത്തുനിൽക്കാതെ, തങ്ങളുടെ വ്യാപാരക്കപ്പലുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ബാബുൽ മന്ദബ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ ഇറ്റലി തീരുമാനിച്ചു. ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയാണ് ഈ നിർണ്ണായക തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. യൂറോപ്യൻ യൂണിയന്റെ ഭരണപരമായ തീരുമാനങ്ങളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കി, സ്വന്തം കപ്പലുകൾക്ക് നേരിട്ട് സൈനിക അകമ്പടി നൽകാനാണ് ഇറ്റലിയുടെ നീക്കം. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബുൽ മന്ദബ് ജലപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാൽ അത് ആഗോളതലത്തിലും ഇറ്റലിയിലും കനത്ത സാമ്പത്തിക പ്രതിസന്ധിക്കും സാധനസാമഗ്രികളുടെ വിലക്കയറ്റത്തിനും ഇടയാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

ആഗോള വ്യാപാരത്തിന്റെ 12 മുതൽ 15 ശതമാനം വരെ കടന്നുപോകുന്ന ഈ പാതയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇറ്റലിയുടെ ദേശീയ സമുദ്ര താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലെ പിരിമുറുക്കങ്ങൾക്ക് പിന്നാലെ, യെമൻ തീരപ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതർ ശക്തമാക്കിയതോടെയാണ് ചെങ്കടൽ പാതയിൽ ഭീഷണി ഇരട്ടിച്ചത്.

ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ക്രൂഡോയിൽ കയറ്റുമതിക്കായി ആശ്രയിക്കുന്ന ഈ ജലപാതയിൽ മുൻപ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും (EUNAFOR Aspides) മിഷനുകൾ പ്രവർത്തിച്ചിരുന്നെങ്കിലും ആക്രമണങ്ങൾ പൂർണ്ണമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇറ്റാലിയൻ നാവികസേന നേരിട്ട് സുരക്ഷാ ചുമതല ഏറ്റെടുക്കാൻ രംഗത്തിറങ്ങുന്നത്.

Related Articles

- Advertisement -spot_img

Latest Articles