തൃശൂർ: തൃശൂർ പൂമലയിലെ പ്രശസ്തമായ വട്ടായി വെള്ളച്ചാട്ടത്തിന് സമീപം പുരുഷന്റെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം ഉദുവടി മഞ്ഞക്കാട്ടുതൊടി സ്വദേശി ബാബുവാണ് മരിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയ ബന്ധുക്കളാണ് ബാബുവിനെ തിരിച്ചറിഞ്ഞത്.
കിള്ളിമംഗലം സ്വദേശിയായ ഖാദർ എന്ന കരാറുകാരന്റെ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. മൃതദേഹം കണ്ടെത്തിയ സംഭവസ്ഥലത്തിന് തൊട്ടടുത്തുനിന്ന് തന്നെ ഇയാൾ ഓടിച്ചിരുന്ന പിക്കപ്പ് വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്മേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ വിവരം പുറത്തുവരുന്നത്.
സംഭവസ്ഥലത്ത് വടക്കാഞ്ചേരി, പേരാമംഗലം പോലീസ് സംഘങ്ങൾ എത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



