ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ കോഹട്ടിൽ മസ്ജിദിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പതിനാറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. പോലീസ് ഓഫീസുകൾക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പള്ളിയിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമഅ നമസ്‌കാരത്തോടനുബന്ധിച്ച് നിരവധി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് തദ്ദേശീയ മാധ്യമങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന സൂചന.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ കേന്ദ്രീകരിച്ച് സമീപകാലത്തായി സുരക്ഷാ സേനയ്ക്ക് നേരെയും സാധാരണക്കാർക്ക് നേരെയും നിരന്തരം ഭീകരാക്രമണങ്ങൾ നടത്തുന്ന നിരോധിത സംഘടനയായ ‘തെഹ്രീകെ താലിബാൻ പാകിസ്ഥാൻ’ (ടി.ടി.പി) ആകാകാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. സ്ഫോടനത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന പൂർണ്ണമായി വളയുകയും പരിക്കേറ്റവരെ സമീപത്തെ സൈനിക-സിവിൽ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. മേഖലയിൽ സുരക്ഷ ശക്തമാക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.



