ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സംഘടിപ്പിച്ച ‘ഓണനിറവ് 2026’ പ്രവാസലോകത്ത് സൗഹൃദത്തിന്റെയും ആവേശത്തിന്റെയും പാരമ്പര്യ തനിമയുടെയും മാറ്റ് കൂട്ടി. സൈഹത്തിൽ നടന്ന വിപുലമായ ഓണാഘോഷ പരിപാടിയിൽ നിരവധി കുടുംബാംഗങ്ങളും കുട്ടികളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. പ്രവാസ ജീവിതത്തിന്റെ വിരസതകളിൽ നിന്ന് മാറി കേരളീയ സംസ്കാരവും ഓണപ്പാട്ടുകളും ഒത്തുചേർന്ന അവിസ്മരണീയമായ അനുഭവമാണ് സവ പ്രവാസികൾക്കായി ഒരുക്കിയത്.
സവയിലെ കുടുംബിനികൾ സ്നേഹത്തോടെ തയ്യാറാക്കിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സവ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.എം ബഷീർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കിംഗ് ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ. ഹിരൻ ലാൽ, ഡോ. ആര്യ, ഡോ. നവ്യ വിനോദ്, അൽ മന ഹോസ്പിറ്റൽ പൾമനോളജിസ്റ്റ് ഡോ. ലുലു റഹ്മത്ത് എന്നിവർക്കൊപ്പം നവാസ് കായംകുളം, സലാം ആലപ്പുഴ, രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, യഹ്യകോയ, നിറാസ് യൂസുഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി അശോകൻ ആല സ്വാഗതവും വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിന് ശേഷം കുട്ടികളുടെയും മുതിർന്നരുടെയും വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. സിറാജ് കരുമാടി, ഷെറിൻ സജീർ, സജീർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. രാജേഷ് അമ്പലപ്പുഴ, നിഖിൽ മുരളി, സിന്ധു രാജേഷ്, ഡോ. നവ്യ വിനോദ്, സിദ്ധീഖ് കായംകുളം, ജോഷി ബാഷ, യഹ്യ എന്നിവർ ആലപിച്ച ഗാനങ്ങളും, കുടുംബിനികൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിയും, കുട്ടികളുടെ നൃത്തനൃത്യങ്ങളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.



