സൗദി ദേശീയ ദിനം: ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കാൻ വ്യോമസേന; തീയതികളും കേന്ദ്രങ്ങളും പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റോയൽ സൗദി വ്യോമസേന സംഘടിപ്പിക്കുന്ന വിപുലമായ വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വ്യോമസേനയുടെ അത്യാകർഷകമായ പ്രകടനങ്ങൾ നടക്കുകയെന്ന് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

വിവിധ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ് പൊതുജനങ്ങൾക്കായി പ്രകടനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള വാട്ടർഫ്രണ്ടിലെ റോഷൻ മറീന ബീച്ചിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകുന്നേരം അഞ്ച് മണിക്ക് പ്രകടനങ്ങൾ ആരംഭിക്കും. തലസ്ഥാന നഗരിയായ റിയാദിൽ മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകുന്നേരം നാല് മണി മുതലാണ് വ്യോമാഭ്യാസം നടക്കുക.

കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് (സെയ്ടെക്) മുന്നിലുള്ള കോർണിഷ് വാട്ടർഫ്രണ്ടിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകുന്നേരം 4.30-നാണ് പരിപാടി തീരുമാനിച്ചിട്ടുള്ളത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും വ്യോമാഭ്യാസ പ്രകടനങ്ങൾ നേരിട്ട് ആസ്വദിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള സമയക്രമവും സ്ഥലങ്ങളും കൃത്യമായി മനസ്സിലാക്കി എത്തണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles