റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ നിരന്തരമായി മുഴങ്ങിയ ഉച്ചത്തിലുള്ള എമർജൻസി അപായ അലാറങ്ങളും സന്ദേശങ്ങളും പ്രവാസികളടക്കമുള്ള ജനങ്ങളെ പരിഭ്രാന്തരാക്കി. സൗദി നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴിയാണ് അതിശക്തമായ ശബ്ദത്തോടുകൂടിയ ജാഗ്രതാ സന്ദേശങ്ങൾ ഫോണുകളിലേക്ക് നേരിട്ടെത്തിയത്. ഫോണുകൾ സൈലന്റ് മോഡിലായിരുന്നെങ്കിൽ പോലും ഉച്ചത്തിലുള്ള പ്രത്യേക ശബ്ദത്തോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങൾ പലരെയും തുടക്കത്തിൽ പരിഭ്രാന്തരാക്കി.
എന്നാൽ അപായ സൂചനകളോ ജാഗ്രതാ സന്ദേശങ്ങളോ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സിവിൽ ഡിഫൻസ് നടപ്പിലാക്കുന്ന മുൻകരുതൽ സംവിധാനങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പുകൾ സന്ദേശങ്ങളായി എത്തിയതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങൾ, സുരക്ഷാ മുൻകരുതലുകൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ മുൻകൂട്ടി അറിയിക്കാനും അപായസാധ്യതകൾ ഒഴിവാക്കാനുമാണ് സെല്ലുലാർ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്.
അപായ അലാറം മുഴങ്ങുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൗദി സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. ഇത്തരം അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക, ജനനിബിഡമായ സ്ഥലങ്ങളിൽ നിന്നും കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്നും മാറി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടുക, അപകട സ്ഥലങ്ങളിൽ കൂട്ടംകൂടുകയോ ചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കുകയോ ചെയ്യരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടു.



