റിയാദ്: അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സെപ്റ്റംബർ 19, 20 തീയതികളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം “സൃഷ്ടി 2026” അറിവിന്റെയും സർഗാത്മകതയുടെയും വിസ്മയലോകം തീർത്ത് ശ്രദ്ധേയമായി. കുഞ്ഞുമനസ്സുകളിലെ ശാസ്ത്രബോധവും കരകൗശല വൈദഗ്ധ്യവും സർഗാത്മക ഭാവനയും ഒത്തുചേർന്നപ്പോൾ സൃഷ്ടി 2026 എല്ലാവർക്കും ഹൃദയസ്പർശിയായ അനുഭവമായി മാറി. ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സംഗീത അനൂപ് പ്രദർശനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കവിത ലതാ കതിരേശന്റെ നേതൃത്വത്തിൽ വൈസ് പ്രിൻസിപ്പാൾ ശ്രീ റോബിൻ കെ. ജോസ്, സൂപ്പർവൈസർമാരായ ശ്രീ ശ്രീകാന്ത് രാധാകൃഷ്ണൻ, ശ്രീമതി ശാലിനി നൈനാൻ എന്നിവരുടെ ഏകോപനത്തിലും അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തിലും പ്രദർശനം സംഘടിപ്പിച്ചു. വിവിധ ശാസ്ത്ര-സാങ്കേതിക, സാമൂഹിക ശാസ്ത്ര, പരിസ്ഥിതി, കലാ-സർഗാത്മക വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന പ്രോജക്റ്റുകളും മാതൃകകളും പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളുടെ അറിവും ആശയങ്ങളും പ്രായോഗികമായി അവതരിപ്പിക്കാനുള്ള മികച്ച വേദിയായി സൃഷ്ടി 2026 മാറി.
സാമൂഹിക ശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ, കൊമേഴ്‌സ് എന്നീ വിഭാഗങ്ങൾക്കു പുറമെ വിവിധ ഭാഷാ വിഭാഗങ്ങളും വിജ്ഞാനവും വൈവിധ്യവും നിറഞ്ഞ പ്രദർശനങ്ങളുമായി എക്സ്പോയിൽ സജീവ സാന്നിധ്യമായി. ശാസ്ത്ര വിഭാഗത്തിലെ നൂതന പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും കുഞ്ഞുമനസ്സുകളുടെ ശാസ്ത്രീയ ചിന്തയും അന്വേഷണാത്മകതയും പ്രതിഫലിപ്പിച്ചു. ഗണിത വിഭാഗത്തിലെ വിവിധതരം ഗെയിമുകളും പ്രവർത്തനാധിഷ്ഠിത മാതൃകകളും പഠനത്തെ വിനോദകരമാക്കി. റോബോട്ടിക്സിന്റെയും ഐ.ടി. സാങ്കേതികവിദ്യയുടെയും പുതുമകൾ പരിചയപ്പെടുത്തിയ കമ്പ്യൂട്ടർ വിഭാഗത്തിന്റെ പ്രദർശനങ്ങൾ എല്ലാവരിലും ജിജ്ഞാസ ഉണർത്തി. വാണിജ്യ-വ്യവസായ രംഗത്തെ പുതിയ സാധ്യതകൾ തിരിച്ചറിയാനും ലാഭ-നഷ്ട കണക്കുകളുടെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കാനും കൊമേഴ്‌സ് വിഭാഗത്തിലെ പ്രദർശനങ്ങൾ സഹായകമായി.
പാശ്ചാത്യ സാഹിത്യത്തെയും ലോകപ്രശസ്ത സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുന്ന അറിവിന്റെ വേദിയായി ഇംഗ്ലീഷ് വിഭാഗം മാറി. ഹിന്ദി, മലയാളം, തമിഴ്, ഉറുദു, കന്നഡ, ഫ്രഞ്ച്, തെലുങ്ക്, അറബിക് തുടങ്ങിയ ഭാഷാ വിഭാഗങ്ങളും തങ്ങളുടെ തനത് സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ പ്രദർശനങ്ങൾ ഒരുക്കി. വിനോദവും വിജ്ഞാനവും ശാസ്ത്രവും സർഗാത്മകതയും സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെ ഭാവനയും കഴിവുകളും ആവിഷ്കരിക്കാൻ സൃഷ്ടി 2026 അവസരമൊരുക്കി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സഹകരണവും പ്രദർശനത്തിന്റെ വിജയത്തിന് നിർണായകമായി. അറിവിനെ അനുഭവമാക്കി, ഭാവനയെ സൃഷ്ടിയാക്കി, പഠനത്തെ ആഘോഷമാക്കി മാറ്റിയ സൃഷ്ടി 2026, അല്ൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി മാറി.



