നഗോയ: ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ (എം.എം.എ) ചരിത്രവിജയവുമായി ഇന്ത്യൻ താരം സുചിക തരിയാൽ. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ സെമി ഫൈനൽ വരെ മുന്നേറിയ സുചിക ഇന്ത്യയ്ക്കായി വെങ്കല മെഡൽ കരസ്ഥമാക്കി. സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോട് എക്സ്ട്രാ റൗണ്ടിലെ കടുത്ത പോരാട്ടത്തിനൊടുവിൽ നേരിയ വ്യത്യാസത്തിലാണ് സുചിക പരാജയപ്പെട്ടത്.
ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സ് ഒരു മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. ഇതോടെ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും 36-കാരിയായ സുചിക സ്വന്തമാക്കി. നേരത്തെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മംഗോളിയയുടെ അൽതാൻചൈമെഗ് ബൈഗൽമയെ 2-0 എന്ന സ്കോറിന് തകർത്താണ് സുചിക സെമിയിലേക്ക് മുന്നേറുകയും ഇന്ത്യക്ക് മെഡൽ ഉറപ്പാക്കുകയും ചെയ്തത്.
നിരവധി അന്താരാഷ്ട്ര കായികമേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയസമ്പത്തുള്ള താരമാണ് ഹരിയാന സ്വദേശിയായ സുചിക തരിയാൽ. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങളിലും 2023-ലെ ഏഷ്യൻ ഗെയിംസിൽ കുറാഷ് ഇനത്തിലും താരം ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. എം.എം.എയിലെ സുചികയുടെ ഈ ചരിത്രപരമായ വെങ്കല നേട്ടത്തോടെ ടൂർണമെന്റിലെ ഇന്ത്യയുടെ ആകെ മെഡൽ സമ്പാദ്യം ആറിലെത്തി. നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നിലവിൽ നേടിയിട്ടുള്ളത്. ഇതിൽ അഞ്ചു മെഡലുകളും ഷൂട്ടിങ് രംഗത്തുനിന്നാണ് ഇന്ത്യ സ്വന്തമാക്കിയത്.



