1400 മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ച ഭൂമിയിൽ അദാനിയുടെ പുതിയ പവർ പ്ലാന്റിന് തറക്കല്ലിട്ടു

ദിസ്പൂർ: അസമിലെ അസംബ്ലി മണ്ഡലമായ ബോകാഖാട്ടിന് കീഴിലുള്ള ജിറോൺ വില്ലേജിൽ അദാനി ഗ്രൂപ്പിന്റെ 1,000 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടിയിലൂടെ നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയിലാണ് ഈ വൻകിട ഊർജ്ജ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ജിറോൺ വില്ലേജ് ഉൾപ്പെടുന്ന കാസിരംഗ ദേശീയ ഉദ്യാനത്തിന് സമീപമുള്ള മേഖലയിൽ നിന്ന് ഏതാണ്ട് 1,400-ഓളം മുസ്ലിം കുടുംബങ്ങളെയാണ് മുൻപ് ഒഴിപ്പിച്ചിരുന്നത്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതർ ഈ പ്രദേശങ്ങളിൽ ബുൾഡോസർ നടപടികൾ സ്വീകരിച്ചത്. കുടുംബങ്ങൾ പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെടുകയും വലിയ രീതിയിലുള്ള പ്രാദേശിക പ്രതിഷേധങ്ങൾക്ക് ഇത് വഴിതുറക്കുകയും ചെയ്തിരുന്നു.

ജനങ്ങളെ കുടിയൊഴിപ്പിച്ച ഭൂമിയിലാണ് അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെ അസം സർക്കാർ ഇപ്പോൾ പുതിയ ഹരിത ഊർജ്ജ പദ്ധതി കൊണ്ടുവരുന്നത്. അസമിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഈ സോളാർ പ്ലാന്റ് സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, ദരിദ്ര കുടുംബങ്ങളെ ആട്ടിപ്പായിച്ച് വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഭൂമി കൈമാറുന്ന സർക്കാരിന്റെ നയത്തിനെതിരെ വിവിധ സാമൂഹിക-മനുഷ്യാവകാശ സംഘടനകൾ ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles