കണ്ണൂർ: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പോലീസിന്റെയും വിജിലൻസിന്റെയും വരാനിരിക്കുന്ന അന്വേഷണങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രതിരോധം കടുപ്പിച്ച് സി.പി.എം. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എന്നിവരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.കേന്ദ്ര ഏജൻസിയായ ഇ.ഡിയെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ വേട്ടയാടലുകൾക്ക് യു.ഡി.എഫ് സർക്കാർ വഴങ്ങുകയാണെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു.
പിണറായി വിജയനും മുഹമ്മദ് റിയാസിനും പൂർണ്ണമായ രാഷ്ട്രീയ കവചം തീർക്കുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇരു നേതാക്കൾക്കും സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യു.ഡി.എഫ് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്തും കോഴിക്കോട്ടും വൻ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം, തെരുവ് സമരങ്ങൾ പൂർണ്ണമായും സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുന്നണിയിലെ ഘടകകക്ഷികളെ കൂടി പ്രതിഷേധത്തിൽ പങ്കാളികളാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ സി.പി.ഐ അടക്കമുള്ള പ്രമുഖ കക്ഷികൾ സ്വീകരിക്കുന്ന നിലപാടുകളിൽ പാർട്ടിക്കുള്ളിൽ നേരിയ ആശങ്ക നിലനിൽക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് വിവാദമായ ലാവ്‌ലിൻ കേസിന്റെ പേരിൽ വർഷങ്ങളോളം വേട്ടയാടിയിട്ടും പിണറായി വിജയനെതിരെ തെളിവുകൾ കണ്ടെത്താൻ കഴിയാതിരുന്ന ചരിത്രമാണ് സി.പി.എം ചൂണ്ടിക്കാണിക്കുന്നത്. അതേ രീതിയിൽ അസത്യങ്ങൾ മാത്രമുള്ള സി.എം.ആർ.എൽ കേസും നിയമത്തിന് മുന്നിൽ തകർന്നടിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.



