തിരുവനന്തപുരം: മുൻ എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച ലോക കേരള സഭ വലിയ ധൂർത്താണെന്നും അത് പിരിച്ചുവിട്ട് പകരം പുതിയ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കേരള സഭ നിലവിലെ രീതിയിൽ തുടരില്ലെന്നത് യു.ഡി.എഫിന്റെ വ്യക്തമായ രാഷ്ട്രീയ തീരുമാനമാണെന്നും, മുൻ സർക്കാരിന്റെ കാലത്തെപ്പോലെ ഇത് സംഘടിപ്പിക്കുന്നത് നിലവിലെ സർക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ ആറാം പതിപ്പിനായി സർക്കാർ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല. നിലവിലുള്ള ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഭരണനിർവ്വഹണ ചെലവുകൾക്കും, നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത്. പ്രവാസി ക്ഷേമ പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അത്തരം പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് പണം വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിസഭാ യോഗത്തിൽ പ്രവാസി കാര്യങ്ങൾക്ക് പുറമെ മറ്റ് പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചതായും വയോജനക്ഷേമ വകുപ്പിന്റെ പേര് ‘മുതിർന്ന പൗരന്മാരുടെ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളപ്പിറവിയുടെ 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും. പ്രവാസികളുടെ ക്ഷേമത്തിനും പങ്കാളിത്തത്തിനുമായി കൂടുതൽ പ്രായോഗികവും ജനകീയവുമായ സംവിധാനമായിരിക്കും പുതിയ രൂപത്തിൽ അവതരിപ്പിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



