ഹായിൽ : ഐ.സി.എഫ് റീജിയൻ കമ്മിറ്റിയും അൽഹബീബ് മെഡിക്കൽ സെന്ററും സംയുക്തമായി സൗദി ഹെൽത്ത് വിഭാഗത്തിന്റെ ബ്ലഡ് ബാങ്കിന്റെ സഹകരണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായി സൗദി അറേബ്യയുടെ 96ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായിട്ട് ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഹായിലിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ അൽഹബീബ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ ആവേശപൂർവ്വം പങ്കെടുത്തു.
രക്തബാങ്കുകളിലെ രക്തദാരിദ്ര്യം പരിഹരിക്കുക, അടിയന്തര ഘടങ്ങളിൽ രോഗികൾക്ക് സഹായം ലഭ്യമാക്കുക, സമൂഹത്തിൽ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർക്കായി അൽ ഹബീബ് മെഡിക്കൽ സെൻന്ററിലെ വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്തിയിരുന്നു.
പ്രവാസികൾക്കിടയിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ഐ.സി.എഫ് നൽകുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് ക്യാമ്പിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. അൽ ഹബീബ് ഹോസ്പിറ്റൽ എംഡി നിസാം പറക്കോട് ഉൽഘാടനം നിർവ്വഹിച്ചു. ഐസിഎഫ് റിജിയൻ നേതാക്കളായ അബ്ദുൽ സലാം സഅദി, ബഷീർ നെല്ലളം, അബ്ദുൽ സലാം റഷാദി കൊല്ലം, മാനു ഹാജി, ഹസൻ സഖാഫി ആറാട്ടുപുഴ,അഫ്സൽ കായംകുളം, ഫാറുഖ് കൊടുവള്ളി, സുബേർ വേളൂർ, റിഷാബ് കാന്തപുരം, അബ്ദുൽ സമദ് തച്ചണ തുടങ്ങിയവർ നേത്രത്വം നൽകി.
റിപ്പോർട്ട് : അഫ്സൽ കായംകുളം



