ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത വിമർശനവുമായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നിലവിലെ യുദ്ധത്തിൽ ഇറാൻ ഭീകരവാദത്തിന്റെ ഇരയാണെന്നും, തങ്ങൾ അധിനിവേശക്കാർക്കെതിരെ ആത്മപ്രതിരോധം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെ തകർക്കുമെന്നും ഇറാൻ ഭീകരരാണെന്നും ആരോപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗത്തിന് മറുപടിയായാണ് പെസഷ്കിയാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കുട്ടികളെയും സാധാരണക്കാരെയും ലക്ഷ്യമിടുന്നവരല്ല തങ്ങളെന്നും, യു.എസ് ബൊംബാക്രമണങ്ങളിൽ നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുവെന്നും വികാരാധീനനായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നയതന്ത്രത്തിന്റെ വാതിലുകൾ ഇറാൻ തുറന്നിടുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെന്നും, ആവശ്യമെങ്കിൽ കരാറുകളിലേക്ക് മടങ്ങാൻ ചില ഇളവുകൾ നൽകാൻ ടെഹ്റാൻ തയ്യാറായേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ ഇറാനിയൻ ജനത തലകുനിക്കില്ലെന്ന് പെസഷ്കിയാൻ പ്രഖ്യാപിച്ചു. ബലപ്രയോഗത്തിന്റെ ഭാഷ ഒഴിവാക്കുകയാണെങ്കിൽ സമഗ്രമായ ചർച്ചകൾക്കും നയതന്ത്ര ചർച്ചകൾക്കും ഇറാൻ സജ്ജമാണെന്നും, എന്നാൽ അവസാന ശ്വാസം വരെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം യു.എൻ വേദിയിൽ പ്രഖ്യാപിച്ചു.



