തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഭരണത്തിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം കൗൺസിലർ ആർ. ശ്രീലേഖ പിൻവലിച്ചതോടെ ബി.ജെ.പി നേതൃത്വത്തിന് വലിയ ആശ്വാസമായി. രാജി തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര അനുനയ നീക്കങ്ങളാണ് ഒടുവിൽ ഫലം കണ്ടത്.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ 50 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ ആവശ്യമായതിനാൽ, സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെയാണ് ബി.ജെ.പി ഭരണം നടത്തിവരുന്നത്. അതിനാൽ ശ്രീലേഖ രാജിവെച്ചാൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും നഗരസഭാ ഭരണത്തിൽ വൻ പ്രതിസന്ധി രൂപപ്പെടുകയും ചെയ്യുമായിരുന്നു. അതിനിടെ, ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീലേഖയെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് സന്ദർശിക്കുകയും വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ ശരിയായി നിർവഹിക്കാൻ കഴിയുമോയെന്ന ആശങ്ക മാത്രമാണ് ശ്രീലേഖ പങ്കുവെച്ചതെന്നും, മേയർ വി.വി. രാജേഷിനോട് ചില വിയോജിപ്പുകൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ബി.ജെ.പി നേതൃത്വം വിശദീകരിച്ചു. സെപ്റ്റംബർ 30-ന് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയതായി വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും, രാജി ഔദ്യോഗികമായി നിലവിൽ വരണമെങ്കിൽ നഗരസഭാ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. നിലവിൽ എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണ് തിരുവനന്തപുരം കൗൺസിലിലുള്ളത്.



