കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളും പഴയ കേസുകളും വീണ്ടും ഉയർത്തിക്കൊണ്ട് സംസ്ഥാനത്ത് രാഷ്ട്രീയ പോർവിളി കടുക്കുന്നു. 20 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളും KSTP അഴിമതിക്കേസും ഉയർത്തിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതോടെ വിഷയം വലിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചു.
2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ കോട്ടയം ജില്ലാ കളക്ടറായിരുന്ന ഗ്യാനേഷ് കുമാർ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് അനുകൂലമായി അധികാര ദുർവിനിയോഗം നടത്തിയെന്ന് കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പി.സി. തോമസ് ആരോപിച്ചു. ഒപ്പിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ജോസ് കെ. മാണിയുടെ അപരന്റെ നാമനിർദ്ദേശ പത്രിക തള്ളിക്കളഞ്ഞത് കെ.എം. മാണിയുടെ നിർദ്ദേശപ്രകാരമാണെന്ന് സംശയിക്കുന്നുണ്ടെന്നും, ഇതിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗ്യാനേഷ് കുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ലെന്നും അടിയന്തരമായി അദ്ദേഹത്തെ നീക്കി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി പദ്ധതിയിലെ അഴിമതിയിൽ കെട്ടിട നിർമ്മാണ കരാറെടുത്ത പതിബെൽ (Patibell) കമ്പനിയിലെ മലേഷ്യൻ എഞ്ചിനീയർ ലീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ഉന്നതതല ഇടപെടലുകൾ കാരണം വഴിമുട്ടിപ്പോയ കേസിൽ വിജിലൻസ് പുനരന്വേഷണം നടത്താൻ നിർദ്ദേശം ഉയർന്ന സാഹചര്യത്തിൽ എഞ്ചിനീയറുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യ സംബന്ധിച്ച് അന്നത്തെ റിപ്പോർട്ടുകളിൽ വന്ന വിവരങ്ങൾ ഗൗരവകരമായി അന്വേഷിക്കേണ്ടിയിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ പ്രതികരിച്ചു. കേരളത്തിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ചില പ്രത്യേക രീതികൾ വേണമെന്ന പരാമർശങ്ങൾ ഗൗരവമുള്ളതാണെന്നും എന്തുകൊണ്ടാണ് അന്നത്തെ അന്വേഷണം വൈകിയതെന്ന് വ്യക്തമാക്കി വസ്തുതകൾ പുറത്തുകൊണ്ടുവരാൻ വിജിലൻസിനും പോലീസിനും സാധിക്കട്ടെയെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



