റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി യമനിലെ ഹൂതി സായുധ സംഘം തൊടുത്തുവിട്ട ബാല്ലിസ്റ്റിക് മിസൈൽ അറബ് സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തു. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഭീകരാക്രമണ ശ്രമത്തെയാണ് സൗദി പ്രതിരോധ സേന വ്യോമമധ്യത്തിൽ വെച്ച് തന്നെ നിർവീര്യമാക്കിയത്.
യമനിൽ പ്രവർത്തിക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഹൂതി സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
മിസൈൽ തൊടുത്തുവിട്ട കേന്ദ്രവും വിക്ഷേപണ തറയും റഡാറുകളും ഇന്റലിജൻസ് സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷിച്ച് വരികയാണെന്നും അൽ മാലികി കൂട്ടിച്ചേർത്തു. സനായിൽ സ്ഥിതി ചെയ്യുന്ന ഈ മിസൈൽ വിക്ഷേപണ തറ ഉടൻ തന്നെ ആക്രമിച്ചു തകർക്കുമെന്നും അൽ മാലികി മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ റിയാദ് ലക്ഷ്യമിട്ടും ആക്രമണ നീക്കം ഉണ്ടായത് മേഖലയിൽ വലിയ ജാഗ്രതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.



