കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നത് തങ്ങളുടെ മുൻഗണനാ പട്ടികയിലില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യത്തിന് തിരിച്ചടി. ആരോഗ്യമേഖല പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താല്പര്യമെന്നും, കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമാണെന്നുമാണ് കേന്ദ്രം നൽകിയ വിശദീകരണം. എന്നാൽ കേന്ദ്രത്തിന്റെ ഈ വാദത്തിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
കേരളം എയിംസിന് എല്ലാവിധത്തിലും അർഹതയുള്ള സംസ്ഥാനമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, “ആരോഗ്യരംഗം മെച്ചപ്പെട്ടതാണോ കേരളത്തിന്റെ അയോഗ്യത” എന്ന് കേന്ദ്രത്തോട് ആരായുകയുണ്ടായി. ജനസാന്ദ്രതയേറിയ കേരളത്തിലെ സാധാരണക്കാർക്ക് അത്യാധുനിക ചികിത്സക്കായി വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വിഷയം ഗൗരവത്തോടെ കാണണമെന്നും ആറാഴ്ചക്കകം കൃത്യമായ നിലപാട് അറിയിക്കണമെന്നും കേന്ദ്ര സർക്കാറിന് കോടതി നിർദ്ദേശം നൽകി.
കഴിഞ്ഞ 11 വർഷമായി എയിംസിനായുള്ള തടസ്സമില്ലാത്ത കാത്തിരിപ്പിലാണ് കേരളം. പദ്ധതിക്കായി സംസ്ഥാന സർക്കാർ കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല. ഉപരാഷ്ട്രപതിയും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും എയിംസ് വൈകാതെ യാഥാർത്ഥ്യമാകുമെന്ന് ആവർത്തിക്കുമ്പോഴാണ് കേന്ദ്രം കോടതിയിൽ വിപരീത നിലപാട് അറിയിച്ചത്. തൃശൂരാണ് എയിംസിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും, താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയതും മുൻപ് ചർച്ചയായിരുന്നു. അതേസമയം, കോട്ടയം വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും മുൻപ് പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നു.



