ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രക്ഷോഭം തുടരും: ഒക്ടോബർ 10-ലെ ജന്തർ മന്തർ മാർച്ചിന് അനുമതി തേടി സി.ജെ.പി

ന്യൂഡൽഹി: വോട്ടർപട്ടികാ ക്രമക്കേടിന്റെയും അട്ടിമറി ആരോപണങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 10-ന് ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച പ്രക്ഷോഭത്തിന് അനുമതി തേടി സി.ജെ.പി (CJP) പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കത്ത് നൽകി. സി.ജെ.പി കൺവീനർ സൗരവ് ദാസാണ് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ മാർച്ച നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചതായാണ് പുറത്തുവരുന്ന വിവരം.

പോലീസ് അനുമതി നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ തെരുവിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് അപേക്ഷ സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സൗരവ് ദാസ് വ്യക്തമാക്കി. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് അട്ടിമറിയും നടത്തുന്നതിന് പുറമേ ‘ജെൻ സി’ വിഭാഗത്തിലെ യുവവോട്ടർമാരെ മനഃപൂർവ്വം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നും ദാസ് ആരോപിച്ചു. ഇത് ജനാധിപത്യത്തിനും രാജ്യത്തിന്റെ നിലനിൽപിന് വേണ്ടിയുള്ള സമരമാണെന്നും മുഴുവൻ ജനങ്ങളും പ്രക്ഷോഭത്തിൽ അണിനിരക്കണമെന്നും സി.ജെ.പി അഭ്യർത്ഥിച്ചു.

അതേസമയം, പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പോലീസ് സുരക്ഷ വൻതോതിൽ വർദ്ധിപ്പിച്ചു. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പുറമെ സൻസദ് മാർഗ്, ടോൾസ്റ്റോയ് മാർഗ്, ജന്തർ മന്തർ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ ഉയർത്തി നഗരം അടച്ചപൂട്ടിയിരിക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനായി ലൗഡ് സ്പീക്കറുകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസുകാർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് കാട്ടി മൂന്ന് സ്ത്രീകൾ പരാതി നൽകിയ പശ്ചാത്തലത്തിൽ, നടപടികൾ തത്സമയം റെക്കോർഡ് ചെയ്യുന്നതിനായി 150-ലധികം പോലീസുകാർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യാ’ മുന്നണിയുടെ 10 എം.പിമാർ ഉൾപ്പെടെ 260-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച മാത്രം 17 പേരെ അറസ്റ്റ് ചെയ്യുകയും 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി, ഐസ, ആം ആദ്മി പാർട്ടി, ഇന്ത്യാ മുന്നണി തുടങ്ങിയ പ്രതിപക്ഷ സംഘടനകൾ തലസ്ഥാനത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles