ബംഗളൂരു: വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയ ഉടനടി റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച പ്രക്ഷോഭം വൻ ജനശ്രദ്ധ നേടുന്നു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജും ജനപ്രിയ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിയും നേരിട്ടെത്തി പങ്കാളികളായി.
എസ്.ഐ.ആർ നടപടികൾ വോട്ടർമാരെ തഴയുന്നതിനും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്നതിനും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധകർ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്.ഐ.ആർ ഇരകളായ സാധാരണക്കാരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ജനകീയ ട്രിബ്യൂണലും ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട നടപടികൾക്കെതിരെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
ജനാധിപത്യവും ഭരണഘടനയും നേരിടുന്ന വലിയൊരു പ്രതിസന്ധിക്കെതിരായ പോരാട്ടമാണിതെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. യുവാക്കളും ബഹുജന സംഘടനകളും പ്രക്ഷോഭത്തിൽ വൻതോതിൽ അണിനിരന്നത് നീതിക്കായുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യം സംരക്ഷിക്കാൻ സിവിക് സൊസൈറ്റികളും യുവജന പ്രസ്ഥാനങ്ങളും കൈകോർക്കണമെന്ന് പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തുകൊണ്ട് നേതാക്കൾ ആഹ്വാനം ചെയ്തു.



