റിയാദ്: നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി ഇരിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. പ്രാദേശിക അധികാരികളും ഭരണകൂടവും ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പുറപ്പെടുവിക്കുന്ന സുരക്ഷാ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എംബസി പ്രവാസികളോട് അഭ്യർത്ഥിച്ചു. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ, അനാവശ്യ സന്ദേശങ്ങൾ അല്ലെങ്കിൽ വാർത്തകൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതിൽ നിന്നും വീണ്ടും പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി പ്രത്യേകമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോഴും, റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വി.എഫ്.എസ് (VFS) സെന്ററുകൾ മുഖേന നൽകുന്ന ഔട്ട്സോഴ്സ് സേവനങ്ങളും സേവന കേന്ദ്രങ്ങളും സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സാഹചര്യങ്ങളിൽ പുതിയ വിവരങ്ങളും നിർദ്ദേശങ്ങളും യഥാസമയം നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്ക് സഹായങ്ങൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (PBSK) 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറായ 8002471234 ലഭ്യമാക്കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങളിൽ വീഴാതെ, പുതിയ ഔദ്യോഗിക വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം പിന്തുടരണമെന്ന് പ്രവാസി സമൂഹത്തോട് അധികൃതർ ഓർമ്മിപ്പിച്ചു.



