തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ട സംഭവത്തിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസ് എടുത്തു. കോർപറേഷനിലെ സി.പി.എം കക്ഷിനേതാവ് അഡ്വ. എസ്.പി. ദീപക് നൽകിയ പരാതിയിന്മേൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ ഒന്നാം പ്രതി മേയർ വി.വി. രാജേഷാണ്. കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിഞ്ഞ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ രണ്ടാം പ്രതിയും നഗരസഭ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൗൺസിൽ ഭരണവും പദവിയും നിലനിർത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായി, കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്ന സുഗതന്റെ ഒപ്പ് ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ ദിവസങ്ങളിൽ വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. വിഷയത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ തുടർന്നടപടികൾക്ക് നിർദേശം നൽകിയത്. കേസിന്റെ തുടർച്ചയായി മേയറെയും മറ്റ് പ്രതികളെയും ഉടൻ ചോദ്യം ചെയ്യും.
അതേസമയം, തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.എം നേതാവ് എസ്.പി. ദീപക്കിനെതിരെ മേയർ വി.വി. രാജേഷ് നിയമനടപടി സ്വീകരിച്ചു. ആരോപണങ്ങൾ പിൻവലിക്കണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് രാജേഷ് ദീപക്കിന് വക്കീൽ നോട്ടീസ് അയക്കുകയും മാധ്യമങ്ങളിലൂടെ ഉന്നയിച്ച തെറ്റായ പ്രചാരണങ്ങൾക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.



